Pages

Sunday, 2 August 2020

ഫായിസ് വിജയിച്ചവനാണ് .


   ഫായിസ് പരാജയപ്പെട്ടിട്ടില്ല, വിജയിച്ചവരുടെ കൂടെ തന്നെയാണ് .പരാജിതനായ ഫായിസിനെയാണ് വിജയമായി ആഘോഷിക്കുന്നത് എന്നതാണ് യഥാർത്ഥ പരാജയം. പരാജയം വിജയത്തിലേക്കുള്ള പടിയാവുന്നത് നമ്മൾ നേരത്തേ നിശ്ചയിച്ചുവെച്ച വിജയത്തിന്റെ മാനദണ്ഡങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലായെന്നിടത്താണ്. അപ്പോഴാണ് ഒരു പരാജിതൻ ജനിക്കുന്നതും താൻ പരാജയപെട്ടതിന്റെ കാരണങ്ങൾ അന്യേഷിച്ചു പോകുന്നതും, ആത്മ വിമർശനം നടത്തുന്നതും. യഥാർത്ഥത്തിൽ നമ്മുടെ വിജയങ്ങൾ തീരുമാനിക്കേണ്ടത് നമ്മൾ നേരത്തെ നിശ്ചയിച്ചു വെച്ച ലക്ഷ്യങ്ങളാണോ? .

   ഇവിടെ ഫായിസിനെ പരാജയപ്പെട്ടവനായി മുദ്ര കുത്തിയതും മേൽ പറഞ്ഞ വിജയത്തിന്റെ മാനദണ്ഡം തന്നെ . നേരത്തേ നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യം. ഇത് മാത്രം പൂർത്തീകരിക്കലാണ് വിജയമെന്ന് മനസ്സിലാക്കിയവർക്കാണ് ഫായിസ് പരാജിതനാണന്നും ആ പരാജയത്തിൽ തളരരുതെന്നുമുള്ള ഫായിസിന്റ വാക്കുകളെ ആത്മവിശ്വാസത്തിനുള്ള ഉപദേശമായി കാണാൻ കഴിഞ്ഞതും.ഫായിസിന്റെ വിജയം ഇവിടെ കാണുന്നത് അവനിലൂടെ ഉൾത്തിരിഞ്ഞ് വന്ന പരസ്യ വാചകമാണ് .പഠനം അല്ലെങ്കിൽ പഠന പ്രവർത്തനം എന്നത് ഒരു നിർമാണത്മക പ്രക്രിയയാണെന്ന്(Constructivist process) ആധുനിക വിദ്യാഭ്യാസ ചിന്തകൻമാരായ ലെവ് വൈഗോസ്കി (Lev vygotsky) ,ആൽബർട്ട് ബന്തൂര(Albert Bandura) തുടങ്ങിയവർ പറഞ്ഞ് വെച്ചിട്ടുണ്ട് .കുട്ടിയിലൂടെയാണ് അദ്ധ്യാപകൻ ക്ലാസിനകത്ത് അല്ലെങ്കിൽ സമൂഹത്തിനകത്ത് നിന്ന് അറിവ് നിർമിച്ചെടുക്കുന്നത്. ഇവിടെ അദ്ധ്യാപകൻ ഒരു കൈതാങ്ങാണ് (scaffolder).കുട്ടിയുടെ മുന്നറിവ്(Previous Knowledge) ഇതിനെ സഹായിക്കുന്നു.(social constructivist theory and Social learning theory)

 യൂട്യൂബിലും മറ്റും കണ്ട വീഡിയോവിലൂടെ കിട്ടിയ മുന്നറിവിലൂടെയാവണം ഫായിസ് അത്തരത്തിലൊരു അവതരണം തിരഞ്ഞെടുത്തത്. ഫായിസിന്റെ ഈ അവതരണത്തിന്റെ പഠന ഫലം ( learning outcome )നേരത്തെ നിശ്ചയിച്ചുറപ്പിച്ചത് മാത്രമായില്ല. ഇവിടെ ഒരു സാമൂഹിക പഠന പ്രക്രിയയാണ് (social learning )നടന്നത് .മിൽമ ഇവിടെ അദ്ധ്യാപകൻ (scaffolder ) ആയി .ഫായിസിന്റെ പഠന പ്രക്രിയയുടെ പഠന ഫലമായി ( learning outcome ) പുതിയൊരു പരസ്യ വാചകം ഉണ്ടായി.
ആധുനിക വിദ്യാഭ്യാസ ലക്ഷ്യത്തിന്റെ മാനദണ്ഡത്തിൽ ഫായിസിന്റെ പ്രവൃത്തി ഒരു വിജയം തന്നെയാണ് .അല്ലാതെ, പരാജിതർക്കുള്ള കേവലമാത്മവിശ്വാസത്തിനുള്ള വാക്ക് മാത്രമല്ല " ചെലോൽത് റെഡിയാവും ചെലോൽത് റെഡിയാവൂല ,ഇന്റെത് റെഡിയായില്ല " . ഫായിസെ... നിന്റെത് ശരിയായി .... ശരിയായത് നിന്റെ കയ്യിലുണ്ടായിരുന്ന കടലാസായിരുന്നില്ല. നീ സംസാരിച്ച വാക്കുകളും ഭാഷാ രീതിയുമായിരുന്നു.പരാജിതനായിട്ടല്ല ഫായിസ് അറിയേണ്ടത്.... ആദ്യം തന്നെ വിജയത്തിലെത്തിയവനായിട്ടാണ് .

സിദ്ധീഖ് അസ്‌ലം